ആലുവ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ഇടുക്കി ബൈസന്‍വാലി വാകത്താനത്ത് വീട്ടില്‍ ബോബി ഫിലിപ്പാണ് അറസ്റ്റിലായത്. ആലുവ ചൂണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും കുറുപ്പംപടി പോലീസാണ് ഇയാളെ പിടികൂടിയത്. ഫെഡറല്‍ ബാങ്ക് കുറുപ്പംപടി ശാഖയില്‍ ജൂണില്‍ 30 ഗ്രാം തൂക്കം വരുന്ന ബ്രേസ്‌ലറ്റ് പണയം വെയ്ക്കാന്‍ ഇയാള്‍ എത്തിയിരുന്നു.
ബാങ്ക് അധികൃതര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ചൂണ്ടിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് 2016 മുതല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളില്‍ പ്രതിയാണ് ബോബി. പണയം വെയ്ക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആഭരണമാണ് ഇയാള്‍ കൊണ്ടുവരുന്നത്. ഇത് മുക്കുപണ്ടമാണെന്ന് എളുപ്പം കണ്ടെത്താന്‍ കഴിയില്ല. പ്രൈവറ്റ് ബാങ്കുകളിലാണ് സ്വര്‍ണം പണയം വെയ്ക്കാന്‍ തിരഞ്ഞെടുക്കുന്നത്.