കായംകുളം : മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ കേസില്‍ ലോഡ്ജ് ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം വൈകുണ്ഠം ലോഡ്ജ് നടത്തിവരുന്ന ആറ്റുകാല്‍ വൈകുണ്ഠത്തില്‍ (ശിവാനന്ദഭവനം) കൃഷ്ണകുമാറിനെയാണ് (62) കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കരിമത്തുളള വാടകവീട്ടില്‍നിന്ന് കനകക്കുന്ന് എസ്.എച്ച്.ഒ വി.ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. വീടിനുള്ളില്‍ നായയെ അഴിച്ചു വിട്ടിരുന്നതിനാല്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍നിന്ന് വേറെ മുക്കുപണ്ടങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുതുകുളം കെ.ആര് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ കൃഷ്ണകുമാര്‍ വള പണയം വെക്കാന്‍ എത്തിയത്. മേല്‍വിലാസം തിരക്കിയ ജീവനക്കാരിയോട് മുമ്പ് താന്‍ ഇവിടെ ഉരുപ്പടികള്‍ പണയം വെച്ചിട്ടുണ്ടെന്ന മറുപടിയാണ് നല്‍കിയത്. ഇതു വിശ്വസിച്ച ജീവനക്കാരി 75,000 രൂപ നല്കി. ഇയാള്‍ പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് വള മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ കനകക്കുന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സ്ഥാപനത്തിന്റെ സി.സി ടി.വി പരിശോധിച്ചപ്പോള്‍ പ്രതി വന്ന കാറിന്റെ ദൃശ്യം ലഭിച്ചു. കാറിന്റെ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ മറ്റൊരാളുടെ പേരിലുള്ള ഫോണ്‍ നമ്പറാണ് വാഹനത്തിന്റെ രജിസ്ട്രേഷനു നല്‍കിയിരുന്നതെന്ന് കണ്ടെത്തി. ഈ നമ്ബറിന്റെ ഉടമയില്‍നിന്നാണ് കൃഷ്ണകുമാറിനെ കുറിച്ചുളള വിവരം ലഭിക്കുന്നത്. കോടികള്‍ ആസ്തിയുള്ള ആളാണ് കൃഷ്ണകുമാര്‍ എന്ന് പോലീസ് പറഞ്ഞു.
ലോഡ്ജ് കൂടാതെ തിരുവനന്തപുരം വെളളായനി പുഞ്ചക്കരിയില്‍ ഇയാള്‍ക്കു ആഡംബര വീട് ഉള്‍പ്പെടെ സ്വന്തമായുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടന് മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് ഇയാള്‍ ഇപ്പോള്‍ വാടകക്കു താമസിക്കുന്നത്. മുതുകുളത്ത് എത്തി തട്ടിപ്പ് നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്. തിരുവനന്തപുരം വെള്ളറട പോലീസ് സ്റ്റേഷനിലും തമിഴ്നാട് കൊല്ലംകോട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാന സ്വഭാവമുളള കേസുണ്ട്. പണയം വെക്കുന്ന സ്ഥലങ്ങളിലെല്ലാം തെറ്റായ മേല്‍വിലാസങ്ങളാണ് നല്കി വന്നിരുന്നത്. കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഗ്രേഡ് എസ്.ഐമാരായ ബൈജു, ഷാജഹാന്, സീനിയര്‍ സി.പി.ഒ മാരായ ജിതേഷ്, അനീഷ് കുമാര്‍, സതീഷ്, സി.പി.ഒ അനീസ് ബഷീര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.