ഷിരൂർ: ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തരണംചെയ്ത് അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്ന് മാൽപെ സംഘം. ജീവൻ പണയപ്പെടുത്തിയുള്ള നിർണായക രക്ഷാപ്രവർത്തനത്തിനാണ് ഷിരൂർ സാക്ഷ്യം വഹിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് തവണയാണ് മാൽപെ സംഘം നദിയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് കരയിലേക്ക് കയറിയ സംഘം പിന്നീട് രണ്ടുതവണകൂടി നദിക്കടിയിലിറങ്ങി പരിശോധന നടത്തി. ഇന്ന് അഞ്ച് തവണ മാൽപെ സംഘം നദിയിൽ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ച് തവണയും ഈശ്വർ മാൽപെയാണ് നദിയിൽ ഇറങ്ങിയത്.
വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വർ മാൽപെ പറഞ്ഞതായി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുകിപ്പോയത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവരുടെ നിർണായക ഇടപെടലിൽ അദ്ദേഹത്തെ വീണ്ടും ബോട്ടിലേക്കടുപ്പിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയിട്ടുണ്ട്.