കോന്നി : ഓണക്കാലം പ്രതീക്ഷിച്ച് നട്ടുവിളവെടുത്ത വാഴക്കുലകൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല എന്നാണ് വാകയാർ സ്വാശ്രയ കർഷക വിപണിയിൽ എത്തുന്ന കർഷകരുടെ പരാതി. കൂട്ടത്തിൽ വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ വേണ്ടത്ര വരുമാനവും കർഷകർക്ക് ലഭിക്കുന്നില്ല. കിലോക്ക് 58 മുതൽ 60 രൂപ വരെയാണ് നാടൻ എത്തകായക്ക് ലഭിക്കുന്നത്. എന്നാൽ തമിഴ്‌നാട് പോലെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഴക്കുലകൾക്ക് ഇതിലും വില കുറവ് ഉള്ളതിനാൽ തന്നെ സാധാരണക്കാർ ഈ വാഴക്കുലകൾ തേടി പോകുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. 40 രൂപ മുതൽ ആണ് ഇതിന്റെ വില. എന്നാൽ ഈ കുലകൾക്ക് ഗുണമേന്മ കുറവാണ് താനും.
കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ വകയാർ വാഴക്കുല വിപണിയിൽ നിന്നും വാഴക്കുലകൾ ലേലം ചെയ്ത് കൊണ്ടുപോകുന്നത്. കായംകുളം, കോട്ടയം,പത്തനാപുരം,പുനലൂർ തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും ഇവിടെ കച്ചവടക്കാർ എത്തി വാഴക്കുല വാങ്ങുന്നുണ്ട്. വാശിയേറിയ ലേലം വിളികളിൽ കൂടിയാണ് ഇത് സ്വന്തമാക്കുക. വാഴക്കുലകൾ കൂടാതെ കുമ്പളം,കപ്പ,കാച്ചിൽ, ചേന തുടങ്ങിയവയെല്ലാം വിപണയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. അരുവാപ്പുലം,കോന്നി,പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ കർഷകരാണ് ഏറ്റവും കൂടുതൽ ഇവിടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഓണം മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകർ ഏത്തക്കുല കച്ചവടത്തിന് ഏറ്റ ഈ തിരിച്ചടി മൂലം ഏറെ ബുദ്ധിമുട്ടിലാണ്. മൂവായിരത്തിൽ അധികം വാഴക്കുലകൾ ഒരുദിവസം വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. വന്യ മൃഗ ശല്യം മൂലം കർഷകർ ബുദ്ധിമുട്ടുമ്പോൾ ഇറക്കുമതി ചെയ്യുന്ന വാഴക്കുലകൾ മൂലം കർഷകർക്ക് വേണ്ടത്ര ലാഭം ലഭിക്കാതെ വരുമ്പോൾ ഇനി എന്ത് എന്ന ചോദ്യം മാത്രമാണ് ബാക്കി എന്നും കർഷകർ പറയുന്നു.