റാന്നി : ബയോഡൈവേഴ്‌സിറ്റി ഫണ്ട് വിനിയോഗിച്ച് റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നു. ശരിയായി നീരൊഴുക്കില്ലാതെ കിടന്ന തോടുകളാണ് ആഴത്തിൽ തെളിച്ച് വെള്ളം ഒഴുകത്തക്ക നിലയിലാക്കുന്നത്. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മന്ദിരം അരമനപടിയിലൂടെയുള്ള കാളപാലം തോടിന്റെ ആഴംകൂട്ടുന്ന പണികൾഏതാണ്ട് പൂർത്തിയാക്കി. 12-ാം വാർഡിൽ പുളിക്കൽപടി, മൂന്ന് സെന്റ് കോളനി എന്നിവയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ പണികൾ ഉടൻ തുടങ്ങും.
5.3 ലക്ഷം രൂപയാണ് റാന്നി പഞ്ചായത്തിന് അനുവദിച്ചിട്ടുള്ളത്. 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് കാളപാലം തോടിന്റെ ആഴം കൂട്ടിയത്. 2.8 ലക്ഷം രൂപ 12-ാം വാർഡിലെ തോടിനായി വിനിയോഗിക്കും. ഈ തോടിന്റെ പലഭാഗത്തും നീരൊഴുക്ക് നിലച്ച നിലയിലാണ്. മണ്ണുമാന്തി ഉപയോഗിച്ച് തോട് പൂർണമായി തെളിച്ച് ആഴംകൂട്ടും. വെള്ളം നിലവിലെ പോലെ കരകളിലേക്ക് ഒഴുകാതെ തോട്ടിലൂടെ പമ്പാനദിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.മൈനർ ഇറിഗേഷനാണ് നിർമ്മാണച്ചുമതല. തോട് ആഴംകൂട്ടുന്നതോടെ ഇതിന്റെ ഇരുഭാഗത്തും കരിമ്പ് കൃഷി ആരംഭിക്കാനും പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്.