ചെട്ടികുളങ്ങര : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹവിരുദ്ധർ മാലിന്യംതള്ളുന്നത് വ്യാപകമാകുന്നു. രാത്രിയിൽ ആൾത്താമസം കുറവുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും പാടങ്ങളിലുമാണ് വ്യാപകമായി മലിന്യം തള്ളുന്നത്. ഇതുമൂലം പകർച്ചവ്യാധി ഭീഷണിയും തെരുവുനായ ശല്യവും വർധിച്ചിട്ടുണ്ട്. ഭഗവതിപ്പടി കനാൽ, ഒതളപ്പുഴ തോടിന്റെ ഭാഗങ്ങൾ, വലിയ പെരുമ്പുഴ പാലം, കരിപ്പുഴ കൊച്ചുപാലത്തിനു കിഴക്കുള്ള പാടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. പടുകാൽ പാലത്തിനുസമീപം മാലിന്യപ്രശ്നം രൂക്ഷമായിരുന്നുവെങ്കിലും ക്യാമറ സ്ഥാപിച്ചതോടെ മാലിന്യംതള്ളുന്നതു കുറഞ്ഞിട്ടുണ്ട്.
കരിപ്പുഴ കൊച്ചുപാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം തെരുവുനായയുടെ ശവശരീരംവരെ അഴുകിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. സമീപത്തെ ജലാശയങ്ങൾപോലും ഇതുമൂലം മലിനമാകുകയാണ്. വലിയ പെരുമ്പുഴ പാലത്തിനുസമീപം രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി സമൂഹവിരുദ്ധർ ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവും തള്ളുന്നതായിട്ടാണ് പരാതി. ഇവിടെ കാട് വളർന്നുനിൽക്കുന്നതും സമൂഹവിരുദ്ധർക്ക് സഹായകമാകുന്നു. കാടുകയറി ഉപയോഗശൂന്യമായിക്കിടക്കുന്ന ഭഗവതിപ്പടി ഭാഗത്തെ പി.ഐ.പി. മെയിൻ കനാലിൽ ഹോട്ടൽ മാലിന്യംതള്ളുന്നത് പതിവാണ്. മഴ പെയ്യുമ്പോൾ മലിനജലം കെട്ടിക്കിടന്നു സമീപത്തെ കിണറുകളും കുളങ്ങളും മലിനമാകുന്നതായി പരാതിയുണ്ട്. ഒതളപ്പുഴ തോട്ടിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചെട്ടികുളങ്ങര നഗരപ്രദേശത്തും പി.എച്ച്. സെന്ററിനു സമീപവുമാണ് അടിഞ്ഞുകൂടുന്നത്. വലിയ മഴപെയ്യുമ്പോൾ തോട്ടിലെ ഒഴുക്കുതടസ്സപ്പെട്ട് പ്രദേശത്ത് വെള്ളപ്പൊക്കത്തിനും ഇതു കാരണമാകുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ മുങ്ങുകയും കടകളിൽവരെ വെള്ളംകയറുകയും ചെയ്തിരുന്നു.