തിരുവനന്തപുരം : കിഫ്ബിയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കിഫ്ബി പദ്ധതികൾ താളം തെറ്റിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. റോജി എം ജോൺ എംഎൽഎയാണ് നോട്ടീസ് നൽകിയത്. കൊള്ള പലിശക്ക് കടമെടുത്ത് കൊള്ള പലിശ തിരിച്ചടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റോജി എം ജോൺ ആരോപിച്ചു. കിഫ്ബി പരാജയപ്പെട്ട മാതൃകയാണെന്നും റോജി എം ജോൺ ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്തിൻ്റെ ആശങ്കകൾ ഒന്നൊന്നായി ശരിയാകുന്നുവെന്നും കിഫ്ബി ബാധ്യത ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണെന്നും റോജി എം ജോൺ നിയമസഭയിൽ പറഞ്ഞു. കിഫ്ബി പദ്ധതികൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും റോജി എം ജോൺ കുറ്റപ്പെടുത്തി.
കിഫ്ബിയെ ന്യായീകരിച്ച് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന്മേൽ ധനകാര്യ മന്ത്രി മറുപടി നൽകി. ദേശീയപാത വികസനത്തിന് കിഫ്ബിയിൽ നിന്നാണ് പണം നൽകിയതെന്ന് വ്യക്തമാക്കിയ ധനകാര്യമന്ത്രി കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികൾ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു. വരുമാനദായക പദ്ധതി വേണമെന്ന പ്രതിപക്ഷ ആവശ്യവും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു. ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. കിഫ്ബിയിൽ ഇരുന്ന് ഓരോരുത്തരും എത്ര രൂപയാണ് ശമ്പളം വാങ്ങുന്നത്. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യത. കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനിൽ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.