കൊല്ലം : ആശ്രാമത്ത് പാഴ്‌സൽ വഴി മുംബൈയിൽനിന്ന് എത്തിച്ച രണ്ടായിരം ലഹരി ഗുളികകൾ എക്‌സൈസ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കൽ സ്വദേശി അലക്‌സ് എന്നിവരാണ് പിടിയിലായത്. മുംബൈയിൽ നേരത്തെ ജോലി ചെയ്തിരുന്ന അനന്തു അവിടെയുള്ള മെഡിക്കൽ സ്റ്റോർ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് ലഹരി ഗുളികകൾ കൊല്ലത്തേക്ക് എത്തിച്ചത്.
ഒരു ഗുളികക്ക് 35 രൂപ കൊടുത്താണ് ഇവർ വാങ്ങിയിരുന്നത്. വിൽപ്പനയാകട്ടെ 200 രൂപക്കാണ് വിൽപന. പണമിടപാട് മുഴുവൻ ഡിജിറ്റൽ രീതിയിലായിരുന്നു. നിരവധി സ്‌കൂൾ, കോളേജ് വിദ്യാർഥികളെ കെണിയിലാക്കിയായിരുന്നു പ്രതികളുടെ കച്ചവടം. ഗുളിക വിൽപ്പനയ്ക്കായി കൊല്ലം നഗരത്തിൽ തന്നെ ആഡംബര വീട് വാടകയ്ക്ക് എടുത്തിരുന്നു. ഡ്രഗ്‌സ് കൺട്രോൾ ബോർഡുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.