ന്യൂഡൽഹി : മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കം 12 കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ടു തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇന്നലെ അർധരാത്രിയോടെ നടന്ന നാടകീയ നീക്കത്തിലാണു സംസ്ഥാനത്തെ 17 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും തൃണമൂലിൽ ചേർന്നത്. മേഘാലയ നിയമസഭാ സ്പീക്കർ മേത്ബാ ലിങ്ഡോണ് ബുധൻ രാത്രി 10 മണിയോടെ എല്ലാവരും രാജിക്കത്തു സമർപ്പിച്ചു. ഇതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി.
കോൺഗ്രസ് വിട്ട 12 എംഎൽഎമാരും ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദ്, അശോക് തൻവാർ എന്നിവരും മുൻ ജെഡിയു നേതാവായ പവാൻ വര്‍മയും കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ബിജെപിക്കെതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ഉദ്ദേശിക്കുന്ന എല്ലാവരെയും മറ്റു പാർട്ടികളിൽനിന്നു തൃണമൂലിലേക്കു ക്ഷണിക്കുന്നെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ച സംസ്ഥാനങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണു മേഘാലയ. അസം, ഗോവ, യുപി, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ, കോൺഗ്രസിനു തിരിച്ചടി നൽകിയായിരുന്നു തൃണമൂൽ മുന്നേറ്റം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയിലും ഗോവയിലും സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണു തൃണമൂൽ. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ത്രിപുരയിൽ ഭരണകക്ഷിയായ ബിജെപിയും തൃണമൂലുമായി കനത്ത സംഘർഷമാണു നിലനിൽക്കുന്നത്.