പത്തനംതിട്ട : സിബിഐയുടെ വെർച്വൽ അറസ്റ്റിലാണെന്ന് 85 വയസ്സുകാരനെയും ഭാര്യയെ യും വിശ്വസിപ്പിച്ചു പണം തട്ടാനുള്ള ശ്രമം ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ പൊളിഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലശ്ശേരി എസ്ബിഐ ബ്രാഞ്ചിലാണു സംഭവം. രാജസ്ഥാനിലെ ജോധ്‌പുരിലുള്ള തന്റെ ബന്ധുവിന് 5 ലക്ഷം രൂപ അയയ്ക്കണമെന്ന ആവശ്യവുമായാണ് 85 കാരൻ ബാങ്കിലെത്തിയത്.
ഇദ്ദേഹത്തിന്റെ പരിഭ്രമം ശ്രദ്ധയിൽപെട്ട ബാങ്ക് ജീവനക്കാർക്കു സംശയം തോന്നി. ആരുടെ അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടതെന്നു ചോദിച്ചപ്പോൾ ജോധ്പുരിലെ അമ്മാവൻ എന്നു പറഞ്ഞു. തുടർന്ന് ജീവനക്കാരൻ ബി.ബിനു മാനേജർ കെ.എസ്.സജിതയെ വിവരമറിയിച്ചു.
കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താനും ഭാര്യയും സിബിഐയുടെ കസ്‌റ്റഡിയിലാണെന്ന് വയോധികൻ വെളിപ്പെടുത്തിയത്. 5 ലക്ഷം നൽകിയാലേ ഭാര്യയെ വെർച്വൽ അറസ്‌റ്റിൽ നിന്ന് മോചിപ്പിക്കുവെന്നു ഫോണിൽ ബന്ധപ്പെട്ടവർ പറഞ്ഞെന്നും ഇദ്ദേഹം അറിയിച്ചു. ബാങ്ക് ജീവനക്കാരോടു സംസാരിക്കുന്നതിനിടെ വീണ്ടും ‘സി ബിഐ’ വിളിയെത്തി. ബാങ്ക് ജീവനക്കാർ ഫോണെടുത്തു സംസാരിക്കാൻ തുടങ്ങിയതോടെ കോൾ കട്ടാക്കി തട്ടിപ്പുകാർ മുങ്ങി. ഈ സമയമത്രയും വയോധികന്റെ ഭാര്യ വീട്ടിൽ വെർച്വൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. സിബിഐ ചമഞ്ഞ് വിളിച്ചവർ ഇവരുടെ വ്യക്തി വിവരങ്ങളും കൈക്കലാക്കിയിരുന്നു. ബാ ങ്ക് അധികൃതർ വയോധികനെ തട്ടിപ്പിനെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തി. പത്തനംതിട്ട പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് തന്നെ വയോധികനെ സൈബർ സെല്ലിൽ എത്തിച്ച് പരാതി നൽകാൻ സൗകര്യം ഒരുക്കി.