പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് സമ്പൂര്‍ണ ആധിപത്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം കൂടുതലായിരുന്ന പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലും ഇക്കുറി സ്ത്രീവോട്ടര്‍മാരുടെ എണ്ണം പുരുഷന്‍മാരെക്കാള്‍ കൂടുതലായി. ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം നേരത്തേതന്നെ കൂടുതലായിരുന്നു. ഇതിന് വിരുദ്ധ സ്വഭാവം കാണിച്ചിരുന്നത് പൂഞ്ഞാര്‍ മണ്ഡലം മാത്രമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ 89,612 പുരുഷ വോട്ടര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ 89,123 സ്ത്രീവോട്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. 489 വോട്ടര്‍മാരുടെ വ്യത്യാസം.
ഇത്തവണ 2024 ജനുവരിയിലെ കണക്കനുസരിച്ച് 92,252 പുരുഷ വോട്ടര്‍മാരും 93,980 സ്ത്രീ വോട്ടര്‍മാരുമാണ് ഇവിടെയുള്ളത്. അതായത് 1,728 വോട്ടുകള്‍ക്ക് സ്ത്രീകള്‍ മുന്നിലെത്തി എന്നര്‍ത്ഥം.
മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ നില ചുവടെ (പുരുഷന്‍ – സ്ത്രീ എന്നീ ക്രമത്തില്‍)
കാഞ്ഞിരപ്പള്ളി: 88,861 94578
തിരുവല്ല: 99,217 1,09,855
റാന്നി: 91,381 98,540
ആറന്‍മുള: 1,10,752 1,23,135
കോന്നി: 94,075 1,05,786
അടൂര്‍: 96,530 1,09,821
കഴിഞ്ഞ 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷയില്‍ തുടര്‍നടപടികള്‍ വ്യാഴാഴ്ച (04) പൂര്‍ത്തിയാവും. ഇതിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.