തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് കടുത്ത ഭാഷ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പ്രതിപക്ഷ നേതാവെന്ന നിലയിൽ കടുത്ത ഭാഷ തന്നെ തുടരുമെന്നും മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു. ‘പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ ഇപ്പോൾ നടന്നത് പോലെയുള്ള ക്രിമിനൽ പ്രവർത്തനം തുടരണമെന്ന് പിണറായി വിജയൻ പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ ഡിവൈഎഫ് ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതിൽ ജീവൻ രക്ഷാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി ഇത് പോലെ പറഞ്ഞാൽ ഇത് പോലെ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കും.
കേരളത്തിൽ ഒന്നും നടക്കാത്തത് കൊണ്ടാണ് നവകേരള സദസിൽ പരാതി കൂടാൻ കാരണം. ഈ പരാതികൾ പരിഹരിക്കുന്നില്ലെന്നല്ല പറഞ്ഞത്. മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ എന്ത് തീരുമാനമെടുത്തുവെന്നാണ് ചോദിച്ചത്. അഞ്ചുമാസം മുമ്പ് കിട്ടിയ പരാതി കൈയിൽ വെച്ചിരിക്കുകയായിരുന്നു. ഭരണ സിരാ കേന്ദ്രത്തിൽ മന്ത്രിമാരില്ല. മന്ത്രിമാർ ടൂറിലാണ്. മഴക്കെടുത്തി നോക്കാൻ മന്ത്രിമാരില്ല. പിണറായിക്കെതിരായ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാർമശം തള്ളിയ സതീശൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞാതും വ്യക്തമാക്കി.