കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ വികസനവും കുതിച്ചുചാട്ടവും ഉണ്ടായതായി ആറ്റിങ്ങൽ എം പി അഡ്വ. അടൂർ പ്രകാശ് പറഞ്ഞു. കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോന്നിയിൽ സംഘടിപ്പിച്ച കോന്നി മെറിറ്റ് ഫെസ്റ്റ് 2024 ഉത്‌ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം. 1996 കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നോക്കം നിൽക്കുന്ന താലൂക്ക് ആയിരുന്നു കോന്നി. കോന്നിയിലെ പഠനത്തിൽ മിടുക്കരായ പല വിദ്യാർത്ഥികളും പത്തനംതിട്ട, റാന്നി, പന്തളം പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്നാൽ അന്ന് മുതൽ ഉള്ള നിരന്തര പ്രയത്നത്തിന്റെ ഫലമായി കോന്നിയിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. പതിനാറിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് കോന്നിയിൽ നിലവിൽ ഉള്ളത്. ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. കായിക രംഗത്ത് മികച്ച കഴിവുകൾ ഉള്ള കുട്ടികൾക്കായി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ അക്കാദമി വരെ നിർമ്മിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഗുജറാത്തിലും കോന്നിയിലെ മാത്രമാണ് ഇത് ഉള്ളത്. ഒരു കോടി രൂപയിൽ അധികം വരുന്ന സാധനങ്ങൾ ആണ് ഇവിടേക്ക് ആ കാലത്ത് അനുവദിച്ചു നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് മുഖ്യാഥിതിയായിരുന്നു. ഐ എ എസ് റാങ്ക് ഹോൾഡർമാരായ ബെഞ്ചോ പി ജോസ്, കസ്തൂരി ഷാ, സ്വാതി എസ്, സെന്റ് ജോർജ്ജ് മഹായിടവക വികാരി ഫാ ജിത്തു തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു, ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോൻ, ഗ്രമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, വിദ്യാഭ്യാസ ചിന്തകൻ പ്രമോദ് കുമാർ ടി, എസ് സന്തോഷ് കുമാർ, ബിനു കെ സാം തുടങ്ങിയവർ സംസാരിച്ചു.