പത്തനംതിട്ട : എംഎല്‍എ ഫണ്ടില്‍ നിന്നും (2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ച് ഹൈടെക് അമ്മത്തൊട്ടില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യഥാര്‍ഥ്യമാക്കി. ശിശുക്ഷേമ രംഗത്ത് ദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച അമ്മത്തൊട്ടിലുകളുടെ കാര്യത്തില്‍ ഒരുതലം കൂടി കടന്നാണ് ഹൈടെക്ക് അമ്മത്തൊട്ടില്‍ യഥാര്‍ഥ്യമാക്കിയത്.
കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2009 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ.ടി.കെ.ജി.നായര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍.രാജു, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍ കുമാര്‍, ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ് ജോണ്‍, ആര്‍.എം.ഒ ആഷിഷ് മോഹന്‍കുമാര്‍, ഡോ.എം.ജെ സുരേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.