കോഴിക്കോട് : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്.എഫ്.ഐക്ക് മാത്രമാണ് പങ്കെന്ന് മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. ഒരു വിദ്യാർഥിയെ നൂറിലേറെ വരുന്ന മറ്റു വിദ്യാർഥികളുടെ മുമ്പിലിട്ട് മുണ്ടുരിഞ്ഞ് നഗ്നനാക്കുന്ന മനസ്സാക്ഷിയില്ലായ്മയുടെ പേരാണിന്ന് എസ്.എഫ്.ഐയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാർഥിയുടെ മരണത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്നും മൂന്ന് ദിവസം തുടർച്ചയായി മർദിച്ചിട്ടില്ലെന്നും കാണിച്ച്, എം.എസ്.എഫുകാരനാണെന്ന് അവകാശപ്പെട്ട വിദ്യാർഥി രംഗത്തുവന്നിരിന്നു. എന്നാൽ, ഇയാൾ എസ്.എഫ്.ഐ പ്രവർത്തകൻ തന്നെയാണെന്ന് സംഘടനയുടെ വെറ്ററിനറി യൂനിറ്റ് അംഗങ്ങളുടെ ചിത്രം പങ്കുവെച്ച് അബ്ദുറബ്ബ് വ്യക്തമാക്കി.