പുല്ലാട് : കോയിപ്രം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളപൈപ്പ് ലൈനിന് എടുത്ത കുഴികൾ ശരിയായി മൂടാത്തത് അപകടക്കെണികളാകുന്നു. ജൽജീവൻ മിഷൻ പദ്ധതിപ്രകാരമുള്ള പൈപ്പിടീൽ കാരണം നാട്ടുകാരും വാഹനയാത്രക്കാരും ദുരിതത്തിലായി. ടി.കെ. റോഡിൽ കുമ്പനാടിനും മുട്ടുമണ്ണിനും ഇടയിൽ പലയിടത്തും പൈപ്പ് പണി കഴിഞ്ഞതിന്റെ കുഴികൾ അപകടകരമായ രീതിയിൽ കിടക്കുകയാണ്. കഴിഞ്ഞദിവസം ഭാരംകയറ്റിവന്ന ലോറി മുട്ടുമണ്ണിനുസമീപം പൈപ്പ് കുഴിയിൽ താഴ്‌ന്നുപോയി. തിരക്കേറിയ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെടാൻ ഇത് കാരണമായി. ഈ ഭാഗത്ത് റോഡിന് ഇരുവശവും കുഴികൾ എടുത്ത് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം കുഴി മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്.
മഴപെയ്യുമ്പോൾ ഈ മണ്ണ് ഇരുത്തുകയും അവിടെ കുഴി രൂപപ്പെടുകയുമാണ്. തിരക്കേറിയ മിനി ഹൈവേയിൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോഴും മണ്ണിൽ താഴ്‌ന്നുപോകാറുണ്ട്. മഴയത്ത് വെള്ളം കുത്തിയൊലിച്ചുപോകുമ്പോൾ റോഡിന്റെ വശങ്ങളും ഇടിഞ്ഞിട്ടുണ്ട്. ഇത് ഇരുചക്രവാഹനങ്ങൾ അടക്കമുള്ള വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം കുഴികൾ മൂടി കോൺക്രീറ്റുചെയ്യുന്നതിന് പകരം കുറച്ച് മെറ്റലുകൾ വിതറുകയാണ് പതിവ്. മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് ഏറ്റവും ആശങ്ക. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കുഴികൾ എടുക്കുന്നതെങ്കിലും കുഴികൾ ശരിയായ രീതിയിൽ മൂടുന്നില്ലെന്നുള്ളതാണ് നാട്ടുകാരുടെ പരാതി.