ഇൻ ആക്ടീവ് അക്കൗണ്ട് പോളിസികളിൽ മാറ്റം വരുത്തി ഗൂഗിൾ. ആക്ടീവ് അല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. പുതിയ പോളിസി നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാകുമെന്നാണ് നിഗമനം. വളരെ നാളുകളായി ഒരു പ്രവർത്തനവും ഇല്ലാതെ ഇരിക്കുന്ന അക്കൗണ്ടുകൾ ആയിരിക്കും ഇല്ലാതെ ആക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനം ഇല്ലാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഇവയും ഇല്ലാതാക്കപ്പെട്ടേക്കാം. എന്നാൽ നിങ്ങൾക്ക് ഈ അക്കൗണ്ടുകൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ട് എങ്കിൽ ഈ നടപടി ഒഴിവാക്കാൻ സാധിക്കുന്നതാണ്.
ഇതിനായി അടുത്ത കാലത്ത് എപ്പോഴെങ്കിലും അല്ലെങ്കിൽ ഡിസംബർ ഒന്നിന് മുമ്പേ നിങ്ങൾ ഈ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷം എന്തെങ്കിലും ഒരു ആക്ടിവിറ്റിയും ഈ അക്കൗണ്ട് കൊണ്ട് ചെയ്യണം. ഉദാഹരണത്തിന് മെയിൽ അയക്കുകയോ അല്ലെങ്കിൽ അക്കൗണ്ട് ലോഗ് ഇൻ ചെയ്ത ശേഷം ഏതെങ്കിലും വീഡിയോക്ക് ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യണം. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യാനും ഈ അക്കൊണ്ട് ഉപയോഗിക്കുക. ഈ അക്കൗണ്ടിന്റെ കീഴിലുള്ള ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഗൂഗിളിൽ ബ്രൗസ് ചെയ്യുമ്പോൾ ഈ അക്കൗണ്ടിൽ നിന്ന് ലോഗ് ഇൻ ചെയ്താലും ഈ അക്കൗണ്ട് നഷ്ടപ്പെടാതെ ഇരിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ തൽക്കാലം നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും. പിന്നീട് രണ്ട് വർഷക്കാലം ഈ അക്കൗണ്ട് നിലനിൽക്കുന്നതായിരിക്കും.
വീണ്ടും രണ്ട് വർഷത്തിന് ശേഷമോ പോളിസികളിൽ എന്തെങ്കിലും മാറ്റം വരുത്തും മുമ്പോ ഈ ആക്കൗണ്ട് കൊണ്ട് എന്തെങ്കിലും ആക്ടിവിറ്റി ചെയ്യേണ്ടതാണ്. വിവിധ ആവിശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് ജിമെയിൽ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഒന്നുമല്ലെങ്കിൽ ഫോണിലെ സ്റ്റോറേജ് നിറഞ്ഞുകഴിഞ്ഞാൽ ഡ്രൈവുകൾ ഉപയോഗിച്ച് ഫോട്ടോകളോ വീഡിയോകളോ ഓഡിയോകളോ സൂക്ഷിക്കാനെങ്കിലും ഉപയോഗിക്കാൻ സാധിക്കും. അതേ സമയം സ്വകാര്യ അക്കൗണ്ടുകൾ മാത്രമാണ് പുതിയ പോളിസി പ്രകാരം ഇല്ലാതാക്കപ്പെടുന്നത്. ബിസിനസുകൾക്കോ സ്ഥാപനങ്ങൾക്കോ ഉപയോഗിക്കുന്ന ഏതെങ്കിലും അക്കൗണ്ടുകളെ പുതിയ പോളിസി ബാധിക്കില്ല. അക്കൗണ്ടുകൾ ഇല്ലാതാക്കും മുമ്പ് ഇതിന്റെ ഒരു മുന്നറിയിപ്പ് സന്ദേശം ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകും എന്നും സൂചനകൾ ഉണ്ട്. ഓൺലൈൻ സുരക്ഷാ ഭീഷണികൾ മറി കടക്കാനാണ് പുതിയ പോളിസി ഗൂഗിൾ നടപ്പിലാക്കുന്നത്. നിരവധി സ്കാമുകളും ഓൺലൈൻ തട്ടിപ്പുകളും എല്ലാം തുടക്കമാകുന്നത് ഫിഷിംഗ് മെയിലുകളിലൂടെയാണ്.
ദീർഘകാലത്തേക്ക് സജീവമല്ലാത്ത അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും ദുരൂപയോഗം ചെയ്യാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ പഴയ പാസ്വേർഡ് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ, രണ്ട്-ഘടക പ്രാമാണീകരണം സജ്ജീകരിച്ചിട്ടില്ലാത്ത അക്കൗണ്ടുകൾ, ഉടമയുടെ സുരക്ഷാ പരിശോധനകൾ കുറവുള്ള അക്കൗണ്ടുകൾ എല്ലാം വളരെ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണ്. പുതിയ പോളിസി നടപ്പിലാക്കുമ്പോൾ ഇത്തരത്തിലുള്ള ഫിഷിംഗ് മെയിലുകളുടെ എണ്ണം കുറക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ഉപയോക്താക്കൾ ഗൂഗിളിൽ സൂക്ഷിക്കുന്ന വിവരങ്ങളുടെ അളവ് കുറയുകയും സൈബർ ലോകത്ത് ഇവർ കൂടുതൽ സുരക്ഷിതരായി തുടരുകയും ചെയ്യുന്നു.
നിങ്ങൾക്ക് അക്കൗണ്ട് നഷ്ടപ്പെടരുത് എന്ന് കരുതുന്നെങ്കിൽ മേൽപറഞ്ഞ പ്രവർത്തികളാൽ അക്കൗണ്ട് സുരക്ഷിതമാക്കാൻ സാധിക്കും എന്നാൽ അക്കൗണ്ട് വീണ്ടെടുത്തിന് ശേഷം ശക്തമായ പാസ്വേർഡ് നൽകേണ്ടതാണ്. മാത്രമല്ല രണ്ട്-ഘടക പ്രാമാണീകരണവും സജ്ജീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ ആയ പ്രവർത്തനങ്ങൾ ഒരിക്കലും നശിക്കില്ല എന്ന് കരുതുന്നവർ ആണ് നമ്മളിൽ പലരും ആയതിനാൽ തന്നെ ഒരിക്കൽ ഗൂഗിൾ അക്കൗണ്ട് നിർമ്മിച്ചാൽ അത് കാലാകാലം നിലനിൽക്കും എന്നും തെറ്റിദ്ധരിക്കരുത്. ഗൂഗിൾ പോലെ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന ഭീമന്മാർ വിചാരിച്ചാൽ ഇതെല്ലാം ഇല്ലാതാക്കാവുന്നതേ ഉള്ളു. ആയതിനാൽ തന്നെ പഴയ അക്കൗണ്ടുകൾ നിങ്ങൾക്ക് ആവിശ്യമെന്ന് തോന്നിയാൽ അവ ഉപയോഗിക്കാവുന്നതാണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് ഇവ വീണ്ടെടുക്കാൻ സാധിക്കില്ല.