ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധമുയർത്തി കർണാടക. നിർമാണം തീരാത്ത എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് കന്നഡ സംഘങ്ങളാണ് പ്രതിഷേധിച്ചത്. പണിതീരാത്ത എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അണ്ടർ പാസുകളും സർവ്വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അതേസമയം ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് 75 മിനിട്ടിൽ എത്താവുന്ന 10 വരി പാതയാണ് ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. 8172 കോടി രൂപ ചെലവിട്ടു നിർമിച്ച 118 കിലോമീറ്റർ അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.