ചെങ്ങന്നൂർ : നഗരസഭയുടെ വഴിയോരവിശ്രമകേന്ദ്രം ഉദ്‌ഘാടനം നീളുന്നു. സ്വകാര്യബസ് സ്റ്റാൻഡ് വളപ്പിൽ നിർമ്മിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് അനന്തമായി നീളുന്നത്. ഓണത്തിനെങ്കിലും ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആധുനിക സൗകര്യങ്ങളോടെ പ്രീമിയം നിലവാരത്തിലുള്ള വിശ്രമകേന്ദ്രം കുടുംബശ്രീയുടെയും നഗരസഭയുടെയും മേൽ നോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന രീതിയിലാകും പ്രവർത്തനം. 40 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ ടോയ്ലറ്റും വിശ്രമമുറികളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമ്മിച്ചത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും നാലുവീതം ടോയ്ലെറ്റും ഇവിടെയുണ്ട്. ഭിന്നശേഷി സൗഹൃദമുറികൾ ഓരോന്നു വീതവും ഉണ്ടാകും. ഇപ്പോൾ പ്ലംബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വൃത്തിയുള്ള ടോയ്ലെറ്റുകളുടെ അഭാവം നഗരത്തിലെത്തുന്നവരെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ്. കെ.എസ്ആർ.ടി.സി ഡിപ്പോയിൽ ടോയ്ലെറ്റുണ്ടെങ്കിലും കെട്ടിടത്തിന്റെ അവസ്ഥയും ടോയ്ലെറ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. സ്വകാര്യബസ് സ്റ്റാൻഡ് വളപ്പിൽ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടോയ്ലെറ്റുകൾ ജീർണാവസ്ഥയിലായിരുന്നു. ഈ കെട്ടിടം പൊളിച്ചുനീക്കിയാണ് വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചത്. വിശ്രമമുറികൾ, കഫ്റ്റീരിയ, മുലയൂട്ടൽ മുറി എന്നിവയും ഇതിനൊപ്പം സജ്ജമാക്കും.