മലപ്പുറം: പാണക്കാട് ഇന്‍കല്‍-കെ.എസ്.ഐ.ഡി.സി പ്രോജക്ടില്‍ തടസ്സരഹിത വൈദ്യുതി മുടങ്ങിയിട്ട് രണ്ടുമാസം. വ്യവസായ പാര്‍ക്കിലേക്ക് മുണ്ടുപ്പറമ്പ് 110 കെ.വി സബ് സ്റ്റേഷനില്‍നിന്ന് ഭൂമിക്കടിയിലൂടെ ആറുകിലോമീറ്റര്‍ ഡെഡിക്കേറ്റഡ് കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചിട്ടുള്ളത്.
എന്നാല്‍, രണ്ടുമാസം മുമ്പ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മുണ്ടുപ്പറമ്പ് സബ് സ്റ്റേഷന് മുതല്‍ ഇന്‍കെല്‍ പാര്‍ക്ക് വരെയുള്ള കേബിള്‍ സ്ഥാപിച്ച സ്ഥലം പരിശോധിച്ചെങ്കിലും തകരാര്‍ കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് കോഴിക്കോട്ടുനിന്ന് അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ഫാള്‍ട്ട് ലൊക്കേറ്റര്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ മുണ്ടുപ്പറമ്പ് ഫയര്‍ സ്റ്റേഷന് മുന്നിലാണ് തകരാറെന്ന് കണ്ടെത്തി. തുടര്‍ന്ന് വൈദ്യുതി കേബിള്‍ അറ്റകുറ്റപ്പണിക്ക് റോഡ് കീറാന്‍ ഇന്‍കെല്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് കത്ത് നല്കി. സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് അനുമതി നല്‍കിയിട്ടില്ല. മഴക്കാലം കഴിയാതെ റോഡ് കീറാന്‍ അനുമതിയില്ലെന്നാണ് പൊതുമരാമത്ത് വിശദീകരണം.
ഇന്‍കെലില്‍ 50 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചതില്‍ ചെരിപ്പ്, ആഭരണം, പ്രിന്റിങ്, പി.വി.സി ഡോര്‍, പൈപ്പ്, ജനറേറ്റര്‍ തുടങ്ങിയ 40ഓളം കമ്ബനികളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം വന്‍കിട-ഇടത്തരം കമ്പനികളാണ്. ആയിരക്കണക്കിന് പേര് ജോലിചെയ്യുന്നു. താല്‍ക്കാലികമായി കണക്ട് ചെയ്ത ലൈനുകള്‍ വഴിയാണ് ഇപ്പോള്‍ വൈദ്യുതി എത്തുന്നത്.
വലിയ കമ്പനികളായതിനാല്‍ ലോഡ് താങ്ങുന്നില്ല. ഒരുദിവസം 30-40 തവണ കറന്റ് പോകുന്നത് ഉപകരണങ്ങള്‍ക്ക് നഷ്ടം വരുത്തുന്നതായും കഴിഞ്ഞ ഒരുമാസത്തിനിടെ ഒരുകോടിക്ക് മുകളിലാണ് ഓരോ യൂനിറ്റിനും നഷ്ടമാകുന്നതെന്നും വ്യവസായി അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. യൂണിറ്റുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് അസോസിയേഷന് പരാതി നല്കി.