തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് ആശുപത്രി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട്. ഡ്യൂട്ടി മെഡിക്കൽ ഓഫിസർ എത്തി മൃതദേഹം പരിശോധിച്ച് മരണം സർട്ടിഫൈ ചെയ്യുന്നതിൽ താമസം ഉണ്ടായി. മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതു മണിക്കൂറുകൾ വൈകിയിട്ടും നഴ്സിങ് സൂപ്രണ്ടിനെയോ മേലധികാരികളെയോ വിവരം അറിയിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചു.
മോർച്ചറിക്കുള്ളിൽ മൃതദേഹങ്ങൾ ക്രമപ്പെടുത്തുന്നതിൽ താമസം ഉണ്ടായെന്നും സൂപ്രണ്ട് ഡോക്ടർ എസ്.ഷർമദ് ആശുപത്രി പ്രിൻസിപ്പലിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. മരണം സർട്ടിഫൈ ചെയ്യുന്നതിനായി ഡ്യൂട്ടി ഓഫിസറെ വിവരം അറിയിച്ചെങ്കിലും തിരക്കു കാരണം നടപടികൾ വൈകി. നഴ്സ് മരണ വിവരം മോർച്ചറിയിൽ റിപ്പോർട്ട് ചെയ്ത ശേഷം മാറ്റുന്നതിനുള്ള അനുമതി രസീത് വാങ്ങുകയും ചെയ്തു. ചേംബറിൽ വെയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയ ശേഷം വാർഡിൽ നിന്നു മൃതദേഹം ഇറക്കിയാൽ മതിയെന്നാണ് മോർച്ചറിയിൽ നിന്ന് അറിയിച്ചത്.
48 മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ള മോർച്ചറിയിൽ അന്ന് 70 മൃതദഹങ്ങൾ സൂക്ഷിച്ചിരുന്നു. സംഭവം നടന്ന 28ാം വാർഡിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ മോർച്ചറിയിൽ സ്ഥല സൗകര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായി. ഒടുവിൽ 2 പേരെ കണ്ടെത്തി കൊണ്ടുവന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ട്.28ാം വാർഡിൽ ചികിത്സയിലിരിക്കെ മേയ് 12നു പുലർച്ചെ മരിച്ച തിലകരാജിന്റെ മൃതദേഹം ആണ് മോർച്ചറിയിലേക്ക് മാറ്റാതെ വാർഡിൽ കിടത്തിയത്.
സംഭവം വാർത്തയായതോടെ ആശുപത്രി അധികൃതർ ഡ്യൂട്ടി ഡോക്ടറെ പഴിചാരി കൈ കഴുകാൻ ശ്രമിച്ചു. ഇതിനെതിരെ രംഗത്തുവന്ന ഡോക്ടർമാരുടെ സംഘടനകൾ ആശുപത്രിയിലെ കോവിഡ് കൂട്ട മരണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി അധികൃതരെ പ്രതിരോധത്തിലാക്കി. ഒടുവിൽ ഒത്തുതീർപ്പ് എന്നോണം മൃതദേഹ വിവാദത്തിലെ നടപടികൾ മരവിപ്പിക്കുകയായിരുന്നു. സംഘടനകൾ അന്നു പുറത്തിറക്കിയ വിശദീകരണ കുറിപ്പിലെ പ്രധാനഭാഗങ്ങൾ കൂടി ചേർത്താണ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്.
മൃതദേഹത്തിന് ഭാരക്കൂടുതലുള്ളതു കൊണ്ടാണ് മാറ്റാൻ വൈകിയതെന്ന് ആശുപത്രിയിലെ സുരക്ഷാ വിഭാഗം ഓഫിസറുടെ റിപ്പോർട്ട്. ഭാരം കൂടുതലുള്ള മൃതദേഹമായതിനാൽ ഇതു മാറ്റാൻ മിനിമം 4 അറ്റൻഡർമാർ എങ്കിലും വേണം. ഇതിനുള്ള ആളുണ്ടായിരുന്നില്ല. പുലർച്ചെ 4.20നു മരണം സ്ഥിരീകരിച്ചെങ്കിലും 9.45നാണ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള രസീത് വാങ്ങിയത്. കോവിഡ് വാർഡിൽ ജീവനക്കാരുടെ കുറവ് ഒരു യാഥാർഥ്യമാണെന്നും സൂപ്രണ്ടിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.