തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് കണ്ടെത്തൽ. പരാതി കിട്ടുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ പോലും പോലീസ് സ്വീകരിച്ചില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലുണ്ട്. പരാതി കിട്ടിയതിന് പിന്നാലെ ബിന്ദുവിന്റെ പശ്ചാത്തലം പോലും അന്വേഷിക്കാതെ പോലീസ് നടപടിയെടുത്തുവെന്നാണ് കണ്ടെത്തൽ.
മുൻപ് ഒരു കേസ് പോലുമില്ലാത്ത വ്യക്തിയാണ് ബിന്ദു. 3 ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടിൽ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുകാരെ വിവരം അറിയിച്ചില്ല. മക്കളുടെ ഫോൺ കോൾ എടുക്കാൻ പോലും സമ്മതിച്ചില്ല. ഇത് ഗുരുതരമായ കൃത്യ വിലോപമാണ്. രാത്രി കസ്റ്റഡിയിൽ നിർത്തേണ്ട സാഹചര്യമില്ലെന്നിരിക്കെ പോലീസ് സ്റ്റേഷനിൽ നിർത്തി. പിറ്റേന്ന് രാവിലെ തന്നെ മാല കിട്ടിയ കാര്യം പരാതിക്കാരി അറിയിച്ചതാണ്. വീട്ടിനുള്ളിലെ ചവറ്റു കുട്ടയിൽ നിന്നും കിട്ടിയെന്നാണ് പറഞ്ഞത്. എന്നിട്ടും ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 മണിയോടെ ബന്ധുക്കൾ വന്നതിന് ശേഷമാണ് ബിന്ധുവിനെ വിട്ടയക്കാൻ പോലീസ് തയ്യാറായത്.