വയനാട് : ആദിവാസി യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കംപ്ലൈന്റ് അതോറിറ്റി പരിശോധന നടത്തി. കേസിൽ പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനനാണ് സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയത്. എഫ്‌ഐആറും പോസ്റ്റുമോർട്ടം റിപ്പോർട്ടും സംഭവ സമയത്തെ സിസി ടിവി ദൃശ്യവും അദ്ദേഹം പരിശോധിച്ചു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായോ എന്നു കണ്ടെത്തുന്നതിനാണ് പരിശോധനയെന്ന് ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. അതിനാൽ നടപടിയെടുക്കാനാകില്ല. കാൺമാനില്ലെന്ന പരാതിയിലാണ് ഗോകുലിനെ സ്‌റ്റേഷനിൽ എത്തിച്ചതെന്നും ലോക്കപ്പിൽ അടച്ചതായി കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കൽപ്പറ്റ ജെഎഫ്‌സിഎം കോടതിയുടെ മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കാണാതായ ഗോകുലിനെയും സുഹൃത്തായ പെൺകുട്ടിയെയും തിങ്കൾ രാത്രിയാണ് കോഴിക്കോട്ടുനിന്ന് കൽപ്പറ്റ സ്റ്റേഷനിലെത്തിച്ചത്. ഒന്നിന് രാവിലെ ശൗചാലയത്തിൽ പോയ ഗോകുൽ ധരിച്ചിരുന്ന ഷർട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.