കൊച്ചി : ബൈക്കിലെത്തിയ സംഘത്തിന്‍റെ മര്‍ദനമേറ്റ് ആലുവ ആലങ്ങാട് നേരിക്കോഡ് സ്വദേശി വിമൽകുമാർ മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി മകൻ രോഹിൻ. ഇന്നലെ രാത്രിയോടെയാണ് സംഭവം. രോഹിന്‍റെ വാക്കുകള്‍ ഇങ്ങനെ ; അക്രമി സംഘം ഒരു കാര്യവുമില്ലാതെ ബഹളമുണ്ടാക്കുകയും എന്‍റെ കോളറിൽ കയറിപ്പിടിക്കുകയും ചെയ്തു. ഒച്ച കേട്ട് അച്ഛനും അമ്മയും ഇറങ്ങിവന്നു. തടയാനെത്തിയ അച്ഛന് നേരെയായിരുന്നു പിന്നീട് കയ്യേറ്റം.
അച്ഛന്‍റെ നെഞ്ചിൽ ആഞ്ഞ് തള്ളുകയും മർദ്ദിക്കുകയും ചെയ്തു. പുറമടിച്ചുള്ള വീഴ്ചയിൽ അച്ഛന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ തന്നെ അച്ഛൻ മരിച്ചിരുന്നു. അതേസമയം പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആലങ്ങാട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.