കൽപറ്റ: കല്പറ്റയിൽ പോലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു. സിബിഐ കേസ് ഏറ്റെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഗോകുലിന്റെ അമ്മയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ഗോകുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ആണ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് വെച്ച് ഗോകുലിന് ഒപ്പം പെൺകുട്ടിയെയും കണ്ടെത്തി. എന്നാൽ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പോലീസ് ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയായവർക്കെതിരായ നടപടിയാണ് സ്വീകരിച്ചിരുന്നത് എങ്കിലും യഥാർത്ഥത്തിൽ ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. പിറ്റേന്ന് രാവിലെ ശുചിമുറിയിലേക്ക് പോയ ഗോകുലിനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഗോകുലിന്റെത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. സംഭവം കൈകാര്യം ചെയ്തതിൽ പോലീസിന് വീഴ്ച പറ്റിയെന്നാണ് എഡിജിപിക്ക് വയനാട് എസ്പി റിപ്പോർട്ട് നൽകിയത്. എന്നാൽ ഒരു എഎസ്ഐയും സിവിൽ പോലീസ് ഓഫീസറെയും മാത്രം സസ്പെൻഡ് ചെയ്തു.