ആരോഗ്യം കൂട്ടാൻ ദിവസേന നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണപദാർത്ഥമാണ് കൂവ. അത്രയ്ക്കും ആരോഗ്യ ഔഷധഗുണങ്ങൾ കൂവയ്ക്കുണ്ട്. കൂവക്കിഴങ്ങിൽ മറ്റ് കിഴങ്ങുകളേക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റ്, മറ്റ് സുപ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റ് അന്നജങ്ങളിൽ നിന്ന് വ്യത്യസ്തമായി കാർബോഹൈഡ്രേറ്റ്, അവശ്യ പോഷകങ്ങൾ എന്നിവ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂവ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂവ പൊടിയിൽ പ്രതിരോധശേഷിയുള്ള അന്നജവും വലിയ അളവിൽ ലയിക്കാത്ത ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയായ കൂവ വയർ നിറച്ച് നിർത്താനും അനാവശ്യമായ വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കവും മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കൂവ ഫലപ്രദമാണ്.നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കൂവ കിഴങ്ങിന് കഴിയും.
ഇതിൽ അടങ്ങിയ നിയാസിൻ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിനും കോശങ്ങളുടെ വിഭജനത്തിനും വളർച്ചയ്ക്കും മികച്ചതാണ്. കൂടാതെ മറ്റു ബി-വിറ്റാമിനുകളായ റിബോഫ്ലേവിൻ, ഫോളേറ്റ് എന്നിവ കൂവയിൽ അടങ്ങിയിട്ടുണ്ട്. നിരവധി ശാരീരിക പ്രക്രിയകളും പ്രവർത്തനങ്ങളും നിർവഹിക്കുന്നതിൽ ബി- കോംപ്ലക്സ് വിറ്റാമിനുകൾക്ക് ആവശ്യമാണ്. നാഡീവ്യവസ്ഥയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയ്ക്കും കൂവകിഴങ്ങ് മികച്ചതാണ്. കൂവയിൽ അടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൽക്കലോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ കൊഴുപ്പ് ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. കൂവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കയിൽ നിന്നുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം ആരോഗ്യകരമാണെന്ന് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇവ കൂടാതെ മൂത്രസഞ്ചി, മൂത്രനാളി അണുബാധ എന്നിവ ചികിത്സിക്കാൻ കൂവ പൊടിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കുന്നു. കൂവകൊണ്ട് ഉണ്ടാക്കുന്ന ഫേസ്‌പാക്ക് ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകുന്നു. കൂവ മുഖക്കുരുവിന്റെ പാടുകൾ, തിണർപ്പ്, നിറവ്യത്യാസം എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ്. ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയ കൂവ പൊടി ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും സഹായിക്കും.