വണ്ണം കൂടിയത് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെങ്കില്‍ പഞ്ചസാര, കൊഴുപ്പ് , കാര്‍ബോഹൈട്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ ഡയറ്റില്‍ കലോറി കുറവുള്ള ഭക്ഷണങ്ങളാണ് പകരം ഉള്‍പ്പെടുത്തേണ്ടത്. നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് അരിയാഹാരം. പ്രഭാതഭക്ഷണം തുടങ്ങി അത്താഴത്തില്‍ വരെ നമ്മുടെ ഭക്ഷണമെനുവില്‍ അരിയുണ്ട്. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അരി ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ചോറിന് പകരം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊക്കെ കഴിയ്ക്കാം.
ഓട്സാണ് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഉത്തമഭക്ഷണം. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഫൈബര്‍ ധാരാളം ഇവയില്‍ കലോറി കുറവാണ്. ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒരേ പോലെ സഹായകരമാണ്. അരിയുപയോഗിച്ചുള്ള പ്രഭാത ഭക്ഷണങ്ങള്‍ ഒഴിവാക്കി ഓട്സ് വിഭവങ്ങള്‍ പരീക്ഷിക്കാം. മുട്ട പുഴുങ്ങിയോ, ഓംലംറ്റായോ, ബുള്‍സൈയായോ ആക്കി കഴിക്കാം. വയറ് കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ട നല്ലൊരു തിരഞ്ഞെടുപ്പാണ്. പലതരത്തിലുളള ഉപ്പുമാവ് ചോറിന് പകരം കഴിയ്ക്കാം. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ റവ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബറിനാല്‍ സമ്പന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണിത്. പച്ചക്കറികള്‍ ധാരാളമായി ഇവയില്‍ ചേര്‍ക്കുന്നതും നല്ലതാണ്.
ബാര്‍ലിയും ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അരിയ്ക്ക് പകരമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബാര്‍ലി കൊണ്ടുള്ള സ്മൂത്തിയും സാലഡുമെല്ലാം കഴിയ്ക്കാം. കോളിഫ്‌ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാല്‍ ഇവ സമ്പന്നമാണ്. (ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)