75 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യയിൽ താമസിക്കുന്ന മുതിർന്ന പൗരൻമാർ നികുതി നൽകേണ്ടതില്ല. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിനുള്ളിൽ 75 വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. പെൻഷനുണ്ട്, മറ്റ് വരുമാനമില്ല എങ്കിൽ ഇളവിനർഹതയുണ്ട്. പെൻഷൻ വരുമാനം ലഭിക്കുന്ന അതേ ബാങ്കിൽ നിന്ന് പലിശ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ, മുതിർന്ന പൗരൻമാർക്ക് ഏതെങ്കിലും ബാങ്കിൽ ഡിക്ലറേഷൻ സമർപ്പിക്കാം. 1961-ലെ ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ സിറ്റീസൺസിനും നിരവധി ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കും. മാത്രമല്ല, മറ്റ് വിഭാഗങ്ങളിലെ നികുതിദായകരുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി കണക്കുകൂട്ടുന്നതിലും വ്യത്യാസമുണ്ട്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യക്കാരെ മുതിർന്ന പൗരനായും 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ സൂപ്പർ സീനിയർ സിറ്റീസൺസ് ആയി കണക്കാക്കുന്നു. മുതിർന്ന പൗരന്മാരുടെ നികുതി ബാധ്യത കണക്കാക്കുന്നത് സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, പെൻഷൻ മുതലായവയിൽ നിന്നുള്ള അവരുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. മുതിർന്ന പൗരന്മാരുടെയും സൂപ്പർ സീനിയർ സിറ്റീസൺസിൻെറയും നികുതി ബാധ്യത അവർ തിരഞ്ഞെടുക്കുന്ന നികുതി സംവിധാനത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ഈ വിഭാഗങ്ങളിൽ പെട്ട നികുതിദായകർക്ക് മറ്റുള്ളവരെപ്പോലെ പഴയ നികുതി വ്യവസ്ഥയോ പുതിയ നികുതി വ്യവസ്ഥയോ തിരഞ്ഞെടുക്കാം.
നികുതി ആനുകൂല്യങ്ങൾ
80സി വകുപ്പ് പ്രകാരം മുതിർന്ന പൗരന്മാർക്കോ സൂപ്പർ സീനിയർ പൗരന്മാർക്കോ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾ, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിലെ നിക്ഷേപം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം ,ലൈഫ് ഇൻഷുറൻസ് തുടങ്ങിയ യോഗ്യതയുള്ള നിക്ഷേപങ്ങൾക്കും ചെലവുകൾക്കുമായി 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഇൻഷുറൻസ് പ്രീമിയങ്ങൾക്കും നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിനും ഇളവ് ലഭിക്കും.
വിവിധ ആനുകൂല്യങ്ങൾ
കേന്ദ്ര ഗവൺമെൻറിൻെറ പെൻഷൻ പ്ലാനുകൾ, ആന്വിറ്റി പ്ലാനുകൾ മറ്റ് പെൻഷൻ സ്കീമുകൾ എന്നിവയിലെ നിക്ഷേപങ്ങൾക്കും 80സി, 80സിസിസി, 80സിസിഡി എന്നീ വകുപ്പുകൾക്ക് കീഴിൽ ആണ് മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും 1.5ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാൻ ആകുന്നത്.