കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. വൈദ്യുതി ചാര്‍ജ് വര്‍ധന അനുവദിക്കില്ല. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014-ല്‍ യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരും തുടര്‍ന്നുവന്ന പിണറായി വിജയന്‍ സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ ഒന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതുപോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു, സതീശന്‍ പറഞ്ഞു.