തിരുവനന്തപുരം : മറ്റ് മരണങ്ങളിൽ കോവിഡ് സംശയിക്കുകയും പിന്നീട് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്യുന്ന കേസുകൾ സംസ്ഥാനത്ത് വർധിക്കുന്നു. മാർച്ച് 28 മുതൽ ഇതുവരെ സംസ്ഥാനത്തുണ്ടായ 41 കോവിഡ് മരണങ്ങളിൽ 21ഉം ഇത്തരത്തിൽ പിന്നീട് രോഗം സ്ഥിരീകരിച്ചവയാണ്.
സംസ്ഥാനത്തെ കോവിഡ് ബാധയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആരോഗ്യസ്ഥിതി മോശമായി മരണം സംഭവിക്കുന്നതുമായിരുന്നു കൂടുതലും. എന്നാൽ മൂന്നാംഘട്ടത്തിലാണ് സ്ഥിതി മാറുന്നത്. സമൂഹവ്യാപന ഭീതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരം മരണങ്ങൾ ഗുരുതര സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂലൈയിൽ മാത്രം 12 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. സ്ഥിതിവിശേഷം ഗൗരവത്തോടെ കാണണമെന്നും അപകടമരണമൊഴികെ അസുഖങ്ങൾ മൂലമുള്ളതടക്കം മറ്റ് മരണങ്ങളെല്ലാം കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് മാധ്യമത്തോട് പറഞ്ഞു. പനിയും കഫക്കെട്ടും മൂലം ചികിത്സയിലിരിക്കെ മരിച്ചവർക്കും പിന്നീട് പരിശോധനയിൽ ഫലം പോസിറ്റീവാകുകയാണ്. ഈ സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചാൽ മാത്രമേ എത്രത്തോളം വ്യാപനമുണ്ടായി എന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമേ സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ 50 ശതമാനവും യാത്രാപശ്ചാത്തലമില്ലാത്തതും സമ്പർക്കപ്പകർച്ചമൂലമുള്ളതുമായ രോഗികളിലെന്നുമുള്ള കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ആശങ്കകൾക്കിടയിലും ഇന്ത്യൻ ശരാശരിയുമായും മറ്റ് സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണെന്നതാണ് അൽപം ആശ്വാസകരം. 2.67 ശതമാനമാണ് രാജ്യ ശരാശരി. കര്ണാടകയിലേത് 1.77 ശതമാനവും തമിഴ്നാട്ടിൽ 1.42 ശതമാനവും മഹാരാഷ്ട്രയിൽ 4.16 ശതമാനവുമാണ് മരണനിരക്കെങ്കിൽ കേരളത്തിൽ 0.39 ശതമാനമാണ്.