ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന(India and China Conflict). ഇന്ത്യയും ചൈനയും സമാധാനം നിലനിർത്താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ചൈനയുടെ ഈ നടപടി. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ ഡ്രോണുകൾ അടക്കം നിരത്തിയാണ് അതിർത്തിയിൽ ചൈന സൈനികാഭ്യാസം നടത്തിയത്. ചൈനീസ് ആർമിയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി കമാൻഡിന്റെ നേതൃത്വത്തിലാണ് സൈനിക അഭ്യാസം നടന്നത്. മാത്രമല്ല; യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന യുദ്ധ പരിശീലനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഡ്രോണുകളും അത്യാധുനിക വാഹനങ്ങളും ഉൾപ്പെടെയുള്ള നൂതന സൈനിക സാങ്കേതിക വിദ്യ ഇതിനായി ചൈന ഉപയോഗിച്ചതായാണ് ലഭ്യമായ വിവരം.
2020 ൽ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്ന് ഡെപ്‌സാങ്, ഡെംചോക്ക് തുടങ്ങിയ മേഖലകളിൽ പട്രോളിങ് പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ 21 ന് ഇന്ത്യയും ചൈനയും തമ്മിൽ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനും യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും ധാരണയിലെത്തുകയും ചെയ്തു. എന്നാൽ ചൈന നടത്തുന്ന തുടർച്ചയായ സൈനികാഭ്യാസങ്ങൾ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.