ഡൽഹി : കോവിഡ് ‘പൊതുശത്രു’, ഒന്നിച്ചു ചെറുക്കാനുറച്ച് ഇന്ത്യയും ചൈനയും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി ആഗോള വിതരണ ശൃംഖലയും വിമാനപാതകളും തുറന്നുവെയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇന്ത്യയ്ക്കുള്ള പിന്തുണ അറിയിക്കാനായി ചൈന മുന്‍കൈ എടുത്താണ് ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനുള്ള സാഹചര്യം ഒരുക്കിയത്.
ചൈനീസ് വിതരണക്കാരില്‍നിന്നു കോവിഡ് പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാര്‍ഗോ വിമാനസര്‍വീസുകളും വിതരണ ശൃംഖലയും സജീവമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതു സാധ്യമാകുകയുള്ളുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയുടെ നിലപാടുകള്‍ അംഗീകരിച്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ലോകസമൂഹത്തിന്റെ പൊതുശത്രുവാണു കോവിഡ് എന്നു പറഞ്ഞു.
കാലതാമസം കൂടാതെ ആവശ്യമുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്കു പറന്നിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചരക്കുനീക്കത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും കസ്റ്റംസിനും വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ഇന്ത്യന്‍ ഭാഗത്തുനിന്ന് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.