ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. നൂര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനിര്‍ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്. ‘ജനറല്‍ മുനീര്‍ പുലര്‍ച്ചെ 2.30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമങ്ങളേക്കുറിച്ച് അറിയിച്ചു. നൂര്‍ഖാന്‍ ഉള്‍പ്പെടെ നമ്മുടെ എയര്‍ ബേസുകള്‍ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു’ – പാക് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ പങ്കുവെച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ കൃത്യതയും അതിന്റെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ 100ല്‍ അധികം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. അതേസമയം ഭീകരര്‍ക്കെതിരായ നടപടിയില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് നല്‍കിയ തിരിച്ചടിയിലാണ് 11 പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്.