ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവ്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ പിന്മാറി. സൈനികതല ചര്‍ച്ചകളുടെ അടുത്തഘട്ടം ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.
കിഴക്കന്‍ ലഡാക്കില്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നും രണ്ടര കിലോമീറ്ററോളം ചൈനയുടെ സൈനികരും പ്രതിരോധ വാഹനങ്ങളും പിന്നോട്ടുപോയതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 15ാം പട്രോളിങ് പോയിന്‍റ്, ഹോട്ട് സ്പ്രിങ്സ് എന്നീ മേഖലകളില്‍ നിന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിന്നോട്ടു പോയത്. ഇന്ത്യയുടെ സൈന്യവും ചില മേഖലകളില്‍ പിന്നോട്ടു പോയിട്ടുണ്ട്. ജൂണ്‍ 6 ന് ഇന്ത്യയുടെ ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനീസ് മേജര്‍ ജനറല്‍ ലിയു ലിനും തമ്മിലുള്ള കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ബുധനാഴ്ച ഇരു ഭാഗത്തെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.
അതേസമയം പാംഗോങ് ട്സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ സംഘര്‍ഷം തുടരുന്നു. പ്രശ്ന പരിഹാരത്തിനായി വരും ദിവസങ്ങളില്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരും.