ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികാഭ്യാസം. ബൊഫോഴ്‌സ് തോക്കുകൾ അടക്കം ഉപയോഗിച്ചാണ് കരസേനയുടെ അഭ്യാസ പ്രകടനം. പതിവ് പരിശീലനം മാത്രമെന്നും അതിർത്തി ശാന്തമാണെന്നും കരസേന വിശദീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സിക്കിം അതിർത്തി മേഖലയിൽ സൈനികാഭ്യാസം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർഗിൽ യുദ്ധത്തിൽ അടക്കം നിർണായക പങ്ക് വഹിച്ച ബൊഫോഴ്‌സ് തോക്കുകൾ മേഖലയിൽ വിന്യസിച്ചു.
അതിർത്തിയിൽ സംഘർഷാവസ്ഥയില്ലെന്നും പതിവ് പരിശീലനം മാത്രമാണെന്നുമാണ് കരസേനയുടെ വിശദീകരണം. വടക്കു കിഴക്കൻ അതിർത്തി മേഖലയിൽ സൈന്യം തുടരുന്ന സാഹചര്യത്തിൽ തദ്ദേശീയരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ലക്ഷ്യം. സിക്കിം അതിർത്തിയിൽ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമിക്കുന്നതിനിടെയാണ് സൈനികാഭ്യാസമെന്നത് ശ്രദ്ധേയമാണ്. ബങ്കർ ആയി കൂടി ഉപയോഗിക്കാൻ പാകത്തിലാണ് ഗ്രാമത്തിലെ വീടുകൾ ചൈന നിർമിക്കുന്നതെന്ന സൂചനകൾ പുറത്തുവന്നിരുന്നു.