ന്യൂഡല്‍ഹി : ഇന്ത്യ ചൈന കമാൻഡർ തല ചർച്ച പരാജയം. ചുഷുൽ – മോൽഡോ അതിർത്തിയിൽ വച്ച് നടന്ന പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. കിഴക്കൻ ലഡാക്കിൽ നിന്നുള്ള പിൻമാറ്റത്തിന് ചൈന തയ്യാറായില്ല. ഇന്നലെ പത്തരയ്ക്കാണ് ചർച്ച തുടങ്ങിയത്. വൈകിട്ട് ആറ് മണിയോടെ തന്നെ ചർച്ച അവസാനിക്കുകയും ചെയ്തു.
പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷം.
ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനൻ്റ് ജനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറൽ എം.എം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കമാൻഡർതല ചർച്ചയ്ക്കു തൊട്ടുമുമ്പായിരുന്നു ജനറൽ എം.എം നരവനെയുടെ പ്രസ്താവന.