വാഷിംഗ്ടണ്‍ : കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാത്രാവിലക്കില്‍ വിദ്യാര്‍ഥികള്‍, സര്‍വ്വകലാശാല അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റ് ചിലര്‍ എന്നിങ്ങനെ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിന്‍കെനാണ് യാത്രാ വിലക്ക് വന്നതിന് പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ചത്.
മെയ് 4 മുതലുള്ള യാത്രക്കാര്‍ക്കായിരുന്നു വിലക്ക് ബാധകമാവുകയെന്നായിരുന്നു ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. കോവിഡ് 19 വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച നിരവധി വകഭേദങ്ങള്‍ ഇന്ത്യയിലുള്ളതിനാല്‍ സാഹചര്യം ശരിയല്ലെന്നായിരുന്നു ബൈഡന്‍ വിശദമാക്കിയത്. ബ്രസീല്‍, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്കില്‍ നല്‍കിയതിന് സമാനമായ ഇളവുകളാണ് ഇന്ത്യയ്ക്കുമുള്ളത്. ശീതകാലത്ത് ക്ലാസുകള്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍, സര്‍വ്വകലാശാല അധ്യാപകര്‍, കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിര്‍ണായക സേവനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും മറ്റു വ്യക്തികള്‍ക്കും ഈ ഇളവ് ലഭ്യമാകും.
ഇന്ത്യ, ബ്രസീല്‍, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഇളവ് ലഭ്യമാകും. കൃത്യമായ വിവരങ്ങള്‍ക്ക് സമീപത്തുള്ള എംബസിയേയോ കോണ്‍സുലേറ്റിനേയോ സമീപിക്കണമെന്നും ടോണി ബ്ലിന്‍കെന്‍ വിശദമാക്കി.എഫ് 1, എം 1 വിസയുള്ള വിദ്യാര്‍ഥികള്‍ ഇളവ് അനുവദിക്കാനായി എംബസിയെ സമീപിക്കേണ്ടതില്ലെന്നും അവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.