ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95,735 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്നലെ 1,172 പേര്‍ മരിച്ചു.
രാജ്യത്തെ ആകെ രോഗബാധിതര്‍ 44,65,864 ആയപ്പോള്‍ മരണസംഖ്യ 75,062 ആയി. 34,71,784 പേര്‍ രോഗമുക്തരായപ്പോള്‍, 9,19,018 പേര്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആകെ രോഗികളില്‍ 60 ശതമാനത്തിലധികമുള്ളത്.
സെപ്തംബര്‍ 9 വരെ 5,29,34,433 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 11,29,756 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.