ന്യൂഡല്‍ഹി : പുതുവര്‍ഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയും വര്‍ഷത്തോടെയാണ് തുടങ്ങിയത്. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയെ നേരിടുന്നതിലെ പ്രധാന ആയുധമായ വാക്‌സിന് അനുമതി ഉടന്‍ നല്‍കുമെന്നുള്ള തീരുമാനം വന്നു. അതേസമയം തന്നെ ഇന്നു മുതല്‍ രാജ്യത്ത് ഡ്രൈ റണ്‍ ആരംഭിച്ചിരിക്കുകയാണ് കേരളത്തിലടക്കം ഇപ്പോള്‍ ഡ്രൈ റണ്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് വലിയ ആശ്വാസവും പ്രതീക്ഷയും തന്നെയാണ് നമുക്ക് നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 22,926 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 2,50,183 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. പുതുതായി 19,078 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു. എന്നാല്‍ അതേസമയം ആകെ രോഗമുക്തര്‍ 99,06,387ആയി.