വാഷിങ്ടൻ : കോവിഡ് വ്യാപനത്തിനും അതു സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾക്കുമെതിരെ നിർണായക നടപടികളെടുത്ത ഇന്ത്യയെ അഭിനന്ദിച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ പദ്ധതികൾ ഈ വർഷവും കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ഇത്തരം നടപടികൾ മൂലം എഎംഎഫിന്‍റെ പുറത്തുവരാനിരിക്കുന്ന സാമ്പത്തിക സർവേയായ വേൾഡ് ഇക്കണോമിക് അപ്ഡേറ്റിൽ ഇന്ത്യയെപ്പറ്റിയുണ്ടാവുക അത്ര മോശം കാഴ്ചപ്പാടായിരിക്കില്ലെന്നും ഐഎംഎഫ് മേധാവി പറഞ്ഞു.
‘വേൾഡ് ഇക്കണോമിക് അപ്ഡേറ്റ് പുറത്തിറക്കുന്ന ജനുവരി 26 നായി കാത്തിരിക്കണമെന്ന് ഞാൻ പറയുമ്പോൾ അത് ഏറ്റവുമധികം ബാധകമാകുക ഇന്ത്യയ്ക്കാണ്. കാരണം കോവിഡിനെതിരെയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കെതിരെയും നിർണായക തീരുമാനങ്ങളും നടപടികളുമെടുത്തത് ഇന്ത്യയാണ്.’ ജോർജീവ വ്യക്തമാക്കി. ഇത്ര വലിയ ജനസംഖ്യയും വളരെ അടുത്തിടപഴകുന്ന സമൂഹങ്ങളുമുള്ള രാജ്യത്ത് കോവിഡ് ലോക്ഡൗൺ വളരെ സംഭവബഹുലമായിരുന്നു. ഇന്ത്യ നീങ്ങിയത് വളരെ കൃത്യമായ നിയന്ത്രണങ്ങളും ലോക്ഡൗണും നടപ്പാക്കിയാണ്. നയപരമായ പിന്തുണയോടെയുള്ള അത്തരം മാറ്റങ്ങൾ ഗുണം ചെയ്തു. കോവിഡിനു മുമ്പുള്ള അവസ്ഥയിലാണ് മിക്കവാറും ഇന്ത്യ. സാമ്പത്തിക പ്രവർത്തനങ്ങൾ ഗണ്യമായ തോതിൽത്തന്നെ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു. അതേസമയം ലിംഗസമത്വത്തിൽ ഇന്ത്യ ഇനിയും മുന്നേറേണ്ടതുണ്ടെന്നും ജോർജീവ പറഞ്ഞു.