പത്തനംതിട്ട : വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ എത്തണമെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ പറഞ്ഞു. കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇന്ത്യയെ ഒന്നായി കാണുന്നതിനും ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിനും കോൺഗ്രസിന് മാത്രമെ കഴിയൂ എന്ന് പിജെ ജോസഫ് പറഞ്ഞു.
കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇടതുപക്ഷ മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നും കേരളത്തിലെ സമസ്ത ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയ നിലവിലെ ഇടത് ദുർഭരണത്തിനുള്ള ജനങ്ങളുടെ വിലയിരുത്തലാകുമെന്നും കേരളത്തിലെ കർഷക സമൂഹം ഒറ്റക്കെട്ടായി ഈ ദുർഭരണത്തിനുള്ള തിരിച്ചടി നൽകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ ക്യാമ്പിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മുൻ കേന്ദ്രമന്ത്രിയും കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസ് പ്രബന്ധം അവതരിപ്പിച്ചു. ജനവിരുദ്ധ സർക്കാരും ജനകീയ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ്എം എൽ എ പ്രബന്ധം അവതരിപ്പിച്ചു.
സംഘടനാ പ്രവർത്തനത്തിന് ഒരു നൂതന ശൈലി എന്ന വിഷയത്തിൽ കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എം.പി പ്രബന്ധം അവതരിപ്പിച്ചു. കേരളാ കോൺഗ്രസ് പിന്നിട്ട വഴികളിലൂടെ എന്ന വിഷയത്തിൽ ഡെപ്യുട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എക്സ്.എംപി പ്രബന്ധം അവതരിപ്പിച്ചു. കാർഷിക മേഖലയുടെ തകർച്ച- പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ മുൻ ചീഫ് വിപ്പും പാർട്ടി ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ. തോമസ് ഉണ്ണിയാടൻ പ്രബന്ധം അവതരിപ്പിച്ചു. യുവജനങ്ങൾ നേരിടുന്ന പ്രശ്നം തൊഴിലില്ലായ്മയും കുടിയേറ്റവും എന്ന വിഷയത്തിൽ കേരളാ ഐറ്റി & പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് അപു ജോൺ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു.
പാർട്ടി വൈസ് ചെയർമാൻമാരായ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ,ജോൺ കെ മാത്യൂസ്, പാർട്ടി ട്രഷറാർ ഡോ.എബ്രഹാം കലമണ്ണിൽ ,സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ ,ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.ബാബു വർഗ്ഗീസ് ,കെ ആർ രവി,ജോർജ് വർഗ്ഗീസ് കൊപ്പാറ, രാജു പുളിമ്പള്ളിൽ, തോമസ് മാത്യു ആനിക്കാട്, വർഗ്ഗീസ് ജോൺ, സാം ഈപ്പൻ, ബിജു ലങ്കാഗിരി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ ,വൈ രാജൻ, ജോസ് കൊന്നപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായകെ ടി യൂ സി ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി കുമ്മണ്ണൂർ, വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അക്കാമ്മാ ജോൺസൻ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിൽ നിന്നായി 250 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.