ന്യൂഡൽഹി : ഇന്ത്യയുടെ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ പകൽസമയം താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് – മേയ് മാസത്തെ ഉഷ്ണകാല താപനില പ്രവചനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം തെക്കേയിന്ത്യയിലും അതിനോടു ചേർന്നുകിടക്കുന്ന മധ്യ ഇന്ത്യയിലും അത്ര ചൂട് അനുഭവപ്പെടില്ലെന്നും സാധാരണയിലും താഴ്ന്ന താപനിലയായിരിക്കും ഉണ്ടാവുകയെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു.
ചത്തിസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്രയുടെ തീരപ്രദേശം, ഗോവ, ആന്ധ്രാ പ്രദേശിന്റെ തീരദേശം എന്നിവിടങ്ങളിൽ ചിലപ്പോൾ താപനില ഉയരാൻ സാധ്യതയുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, കിഴക്കൻ യുപി, പടിഞ്ഞാറൻ യുപി, ചത്തിസ്ഗഢ്, ജാർഖണ്ഡ് മുതൽ ഒഡീഷ വരെയുള്ള സിന്ധു – ഗംഗാ സമതലത്തിൽ മാർച്ച് മുതൽ മേയ് മാസത്തിനിടയിൽ 0.5 ഡിഗ്രി സെൽഷ്യസ് എങ്കിലും താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞു.
ചത്തിസ്ഗഢിലും ഒഡീഷയിലും താപനില ഉയരാൻ 75 ശതമാനത്തിലധികം സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 0.86 ഡിഗ്രി സെൽഷ്യസും 0.66 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന, ചണ്ഡിഗഢ്, ഡൽഹി എന്നിവിടങ്ങളിൽ 0.5 ഡിഗ്രി സെൽഷ്യസ് താപനില ഉയരാനുള്ള സാധ്യത 60 ശതമാനമാണ്. ഏപ്രിൽ – ജൂണിലേക്കുള്ള പ്രവചനം ഏപ്രിലിൽ പുറത്തുവിടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.