ന്യൂഡല്‍ഹി: ആഗോള ആയുധവിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ തന്ത്രപ്രധാനമായ നീക്കവുമായി ഇന്ത്യ. കാലങ്ങളായി റഷ്യന്‍ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആയുധക്കയറ്റുമതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യ തന്ത്രപരമായ പ്രതിരോധ ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. ആയുധവില്‍പ്പന ലക്ഷ്യമിട്ട് ചില രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഡിഫന്‍സ് അറ്റാഷെമാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതാത് സര്‍ക്കാരുമായി നേരിട്ട് പ്രതിരോധ ഇടപാടുകള്‍ നടത്തുന്നത് ലക്ഷ്യമിട്ടാണ് നയതന്ത്രനീക്കം. ഇതിന് പുറമെ ഇത്തരം രാജ്യങ്ങള്‍ക്ക് അങ്ങോട്ട് വായ്പയായി പണം നല്‍കി അതുപയോഗിച്ച് ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കലാണ്.
ഇന്ത്യയില്‍ നിന്ന് കുറഞ്ഞ വിലയുള്ള ഗുണമേന്മയുള്ള ആയുധങ്ങള്‍ വാങ്ങി പരീക്ഷിക്കാനുള്ള പ്രലോഭനമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങളില്‍ 60 ശതമാനവും തദ്ദേശീയമായി തന്നെ നിര്‍മിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളുടെയും പീരങ്കി-ടാങ്കുകള്‍ക്ക് ആവശ്യമായ എന്‍ജിനുകള്‍, കപ്പല്‍ എന്‍ജിനുകള്‍ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴും വിദേശ ആശ്രിതത്വമുണ്ടെങ്കിലും വെടിക്കോപ്പ് നിര്‍മാണത്തില്‍ ഇന്ത്യ സ്വയംപര്യാപതമാണ്. സ്വകാര്യ കമ്പനികള്‍കൂടി ഈ രംഗത്തേക്ക് കടന്നുവന്നതോടെ ഇവയുടെ കയറ്റുമതി സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. ആയുധ കയറ്റുമതിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഉക്രൈന്‍- റഷ്യ യുദ്ധമാണ് ഇന്ത്യയ്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നു നല്‍കിയത്.
ഉക്രൈനെ സഹായിക്കാന്‍ ആയുധങ്ങള്‍ നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ആശ്രയിക്കുന്ന ഏഷ്യയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ട്. ഇതേപോലെ റഷ്യയെയും യു.എസിനെയും മാത്രം ആശ്രയിച്ചിരുന്ന രാജ്യങ്ങളുമുണ്ട്. ഈ രണ്ട് ഭീമന്‍ ആയുധ നിര്‍മാതാക്കളും ഇപ്പോള്‍ യുദ്ധകാല രീതിയിലേക്ക് മാറി. യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടതോടെ റഷ്യന്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങളിലെ ഉത്പാദനം പൂര്‍ണമായും യുദ്ധാവശ്യങ്ങളിലേക്ക് മാത്രമായി വിനിയോഗിക്കാന്‍ തുടങ്ങി. യൂറോപ്പിലെയും അമേരിക്കയിലെയും ആയുധ നിര്‍മാതാക്കള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട്. ഇതോടെ ഈ രാജ്യങ്ങളെ ആയുധങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ക്കു മുന്നിലേക്കാണ് ഓഫറുമായി ഇന്ത്യ എത്തുന്നത്. പൊതുമേഖലാ ബാങ്കായ എക്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കാണ് വിദേശ രാജ്യങ്ങള്‍ക്ക് കടം കൊടുക്കുക എന്നാണ് റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പണം ഉപയോഗിച്ച് ഇന്ത്യന്‍ ആയുങ്ങള്‍ വാങ്ങാം.
കുറഞ്ഞ വിലയും ഉദാരമായ പലിശ വ്യവസ്ഥയുമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.ആഗോള ആയുധവിപണിയില്‍ മറ്റൊരു ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ശാക്തിക തന്ത്രങ്ങളെ മാറ്റാന്‍ കെല്‍പ്പുള്ളതാണ്. ഇതിനകംതന്നെ മിസൈലുകളും കവചിത വാഹനങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം പീരങ്കി ഷെല്ലുകള്‍, മോര്‍ട്ടാറുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയുടേതായി വിപണിയിലുണ്ട്. ഇതിന് പുറമെ ഇന്ത്യന്‍ നിര്‍മിത ഷെല്ലുകളും മറ്റും യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങി യുക്രൈന് നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതിരോധ ചെലവ് കുറയ്ക്കാന്‍ അമേരിക്കന്‍ ആയുധങ്ങള്‍ക്ക് പകരമായാണ് ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങി നല്‍കുന്നത്. ഇതേപോലെ റഷ്യന്‍ മിസൈലുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഘടകങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.