കൊച്ചി: കള്ളസിഗററ്റിൽ പുകഞ്ഞുതീരുന്നത് രാജ്യത്തിന്റെ 21,000 കോടിയുടെ നികുതിപ്പണം. കള്ളക്കടത്തിലൂടെ വിദേശബ്രാൻഡുകളിലുള്ള സിഗററ്റുകൾ കൂടുതലെത്തുന്ന നാലാമത്തെ ലോകവിപണിയായി ഇന്ത്യമാറി. ഇതിനൊപ്പം ഇന്ത്യൻ സിഗററ്റുകളുടെ അത്യന്തം അപകടകാരികളായ വ്യാജ സിഗററ്റുകളും വിദേശത്തുനിന്നെത്തുന്നു. ചൈനയും ബ്രസീലും പാകിസ്താനും കഴിഞ്ഞാൽ കള്ളക്കടത്ത് സിഗററ്റ് ഏറ്റവുംകൂടുതൽ എത്തുന്നത് ഇന്ത്യയിലേക്കാണ്. മ്യാൻമാർ, കംബോഡിയ, ശ്രീലങ്ക, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്കുള്ള സിഗററ്റ് കടത്ത്. കള്ളക്കടത്ത് സിഗററ്റുമൂലം പ്രതിവർഷം 21,000 കോടി രൂപയുടെ നികുതിനഷ്ടം കേന്ദ്രസർക്കാരിനുണ്ടാകുന്നതായി ടുബാക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സിഗററ്റ് വിപണിയുടെ 26.1 ശതമാനംവരും കള്ളക്കടത്തിലെ സിഗററ്റ് വിൽപ്പനയെന്ന് ഡി.ആർ.ഐ.യും വ്യക്തമാക്കുന്നു. ഡി.ആർ.ഐ. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷം മാത്രം പിടികൂടിയ കള്ളക്കടത്ത് സിഗററ്റുകളുടെ എണ്ണം 14 കോടിയാണ്. ഇതിന് 218 കോടി രൂപ വിലമതിക്കും. കള്ളക്കടത്ത് സിഗററ്റിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ കണക്കാണ്.