ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണ്. വിതരണത്തിനുളള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണെന്നും അടുത്തവര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
19 കേന്ദ്രമന്ത്രിമാര്‍ക്കാണ് വിതരണത്തിന്റെ ചുമതല. വാക്‌സിന്‍ ഉപയോഗത്തിനുളള അപേക്ഷകള്‍ പരിശോധിക്കാന്‍ സെന്റര്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റൈ വിദഗ്ധ സമിതി നാളെ യോഗം ചേരും. കോവിഷീല്‍ഡ് കോവാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ടും സമിതി പരിശോധിക്കും. ‘സ്വാസ്ഥ്യമാണ് സമ്പത്ത്. 2020 നമ്മെ ഇക്കാര്യം വളരെ നന്നായി പഠിപ്പിച്ചതാണ്. ആഗോള ആരോഗ്യരംഗത്ത് ഇന്ത്യ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ്. 2021-ല്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. മരുന്നും മുന്‍കരുതലുമായിരിക്കണം 2021-ലെ നമ്മുടെ മന്ത്രം.’പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ പദ്ധതിയുമായി ബദ്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് അഭ്യൂഹങ്ങള്‍ വളരെ വേഗത്തിലാണ് പടരുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പലയാളുകളും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വാക്‌സിനേഷന്‍ ആരംഭിക്കുന്നത് വരെ ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നേക്കാം. ചിലത് ഇതിനകം പ്രചരിച്ച് തുടങ്ങിക്കഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടം അജ്ഞാനായ ഒരു ശത്രുവിനോടുളള പോരാട്ടമാണ്. ഉത്തരവാദിത്തബോധമുളള പൗരന്മാര്‍ എന്ന നിലയ്ക്ക് ഇത്തരം അഭ്യൂഹങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം.’ പരിശോധിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മപ്പെടുത്തി.