കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്‍ നേപ്പാളിലെ ഉപരിസഭ അംഗീകാരം നല്‍കി. 57 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. ആരും എതിര്‍ത്തില്ല. ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലെഖ്, കാലപാനി, ലിംപിയാദുര എന്നിവ നേപ്പാള്‍ പ്രദേശങ്ങളായി ചിത്രീകരിച്ചുകൊണ്ട് ഭൂപടം പരിഷ്ക്കരിച്ചുകൊണ്ടുള്ള ബില്‍ ജൂണ്‍ 13 ന് നേപ്പാള്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു.
രാഷ്ട്രിയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), നേപ്പാള്‍ കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രിയ പ്രജാന്ത്ര പാര്‍ട്ടി (ആര്‍പിപി) എന്നിവയുള്‍പ്പെടെയുള്ള നേപ്പാള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ ചിഹ്നം ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണഘടനയുടെ ഷെഡ്യൂള്‍ 3 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
നേപ്പാളിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. നേപ്പാളിന്റെ അവകാശ വാദം കൃത്രിമ പരമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അയല്‍ രാജ്യത്തിന്റെ നീക്കത്തോട് ശക്തമായി പ്രതികരിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുരാഗ് ശ്രീവാസ്തവ പറഞ്ഞു, ‘നേപ്പാളിലെ ഭൂപടം ഇന്ത്യന്‍ പ്രദേശത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ബില്‍ പാസാക്കിയതായി അറിഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്’- അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ലിപുലേഖ് ചുരവും കൈലാസ് മാനസരോവറിലേക്കുള്ള വഴിയും ചേര്‍ത്ത് ഇന്ത്യ പുതിയ റോഡ് നിര്‍മ്മിച്ചതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ഈ വിഷയത്തില്‍ പ്രതിഷേധവുമായി നേപ്പാള്‍ രംഗത്തെത്തിയിരുന്നു. ഈ റോഡില്‍ ഒരു സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുമെന്ന് നേപ്പാള്‍ വ്യക്തമാക്കി. ഇന്ത്യ ഇത് നിരുപാധികം തള്ളി. റോഡ് പൂര്‍ണമായും ഇന്ത്യയുടെ അതിര്‍ത്തിയ്ക്ക് അകത്താണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ അതിര്‍ത്തി വഴി വരുന്നവരില്‍ കൊവിഡ് പടരുന്നു എന്ന് പറയുന്നതിനൊപ്പം ‘ഇന്ത്യന്‍ വൈറസ്’, ചൈനീസ്, ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ മാരകമാണെന്ന വിവാദപ്രസ്താവനയും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി നടത്തിയിരുന്നു.