ഹാമില്‍ട്ടണ്‍ : ന്യൂസിലൻഡിൽ ആദ്യ ട്വന്റി 20 പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ഹാമില്‍ട്ടണില്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്കാണ് മൂന്നാം ട്വന്റി 20യ്‌ക്ക് തുടക്കമാവുക.
ഓക്‌ലൻഡിൽ നേടിയ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യയെ പിടിച്ചുകെട്ടുക ന്യൂസിലൻഡിന് എളുപ്പമല്ല. രോഹിത് ശർമ്മയുടെ മങ്ങിയ ഫോം മാറ്റിനിർത്തിയാൽ ഇന്ത്യ ഉഗ്രൻഫോമിൽ. ആദ്യ രണ്ട് കളിയിലും രോഹിത് രണ്ടക്കം കണ്ടില്ലെങ്കിലും കെ എൽ രാഹുൽ തകർത്തടിച്ചു. കോലിയും ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പ്രതീക്ഷയ്‌ക്കൊത്തുയർന്നു. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിരയും ഭദ്രം. ഇതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല.
അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കെയ്ൻ വില്യംസണും സംഘത്തിനും ജയം അനിവാര്യം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ദുർബല കണ്ണികളുള്ളതിനാൽ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. റണ്ണൊഴുകുന്ന പിച്ചാണ് സെഡോൺ പാർക്കിലേത്. ഇവിടെ അവസാന അഞ്ച് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം 190ലേറെ റൺസ് സ്‌കോർ ചെയ്തു. നാല് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമും.
ഇന്ത്യന്‍ സ്‌ക്വാഡ്
വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്
കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.