ഹാമില്‍ട്ടണ്‍ : ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുളള പരമ്പരയിലെ ആദ്യമത്സരം ഹാമിൽട്ടണിൽ ഇന്ത്യന്‍ സമയം രാവിലെ 7.30ന് മത്സരം തുടങ്ങും. ട്വന്‍റി 20 പരമ്പരയിലെ അഞ്ച് മത്സരത്തിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
വില്യംസണില്ല, പകരം ലാഥം നായകന്‍
അവസാന രണ്ട് ട്വന്‍റി20യിൽ കളിക്കാതിരുന്ന കെയ്‌ന്‍ വില്യംസണ്‍ ഇന്ത്യയുമായുള്ള ആദ്യ രണ്ട് ഏകദിനങ്ങളിലും കളിക്കില്ല. പകരം ടോം ലാഥമായിരിക്കും ന്യൂസിന്‍ഡിനെ നയിക്കുക. മൂന്നാം ടി20ക്കിടെയാണ് വില്യംസണിന്റെ തോളിന് പരിക്കേറ്റത്. ഇന്ത്യ എയ്‌ക്കെതിരായ പരമ്പരയില്‍ ആറാമനായിറങ്ങി രണ്ട് സെഞ്ചുറികള്‍ നേടിയ ഇരുപത്തിരണ്ടുകാരന്‍ മാര്‍ക് ചാപ്‌മാനാണ് വില്യംസണിന്റെ പകരക്കാരന്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചാപ്‌മാന്‍ ടീമില്‍ മടങ്ങിയെത്തുന്നത്.
ട്വന്‍റി 20 ടീമിൽ ഇല്ലാതിരുന്ന കേദാര്‍ ജാദവ്, പൃഥ്വി ഷാ എന്നിവര്‍ ഏകദിന ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് പൃഥ്വി ഷാ ടീമിലെത്തിയത്. കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ പൃഥ്വി ഷായും കെ എൽ രാഹുലും ഓപ്പണ്‍ ചെയ്‌തേക്കും. ഏകദിന അരങ്ങേറ്റത്തിനാണ് ഷായ്‌ക്ക് അവസരമൊരുങ്ങുന്നത്. ഹിറ്റ്മാന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. മായങ്ക് അഗര്‍വാളാണ് രോഹിത്തിന് പകരക്കാരന്‍.
ഇന്ത്യ സ്‌ക്വാഡ്
കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, പൃഥ്വി ഷാ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍.