ജിദ്ദ : ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു. രണ്ടുദിവസത്തെ സന്ദർശനാർത്ഥം യുഎഇയിലെത്തിയതാണ് പ്രധാനമന്ത്രി. സൗദി അറേബ്യ വിശ്വസ്ത സുഹൃത്താണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. 2019-ൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിച്ചതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷിബന്ധം ഗണ്യമായി വളർന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കുന്നത്.
സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണപ്രകാരമാണ് മോദി വീണ്ടും രാജ്യത്തെത്തിയത്. 2016-ൽ പ്രധാനമന്ത്രി സൗദിയിൽ എത്തിയിരുന്നു. അന്ന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി. അതിന് ശേഷം 2019-ലും മോദി സൗദി സന്ദർശിച്ചിരുന്നു.അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് സ്ഥിരതയുടെ സ്തംഭംപോലെ ഇരുരാജ്യങ്ങളുടേയും ബന്ധം ശക്തമായി നിലകൊള്ളുന്നെന്ന് മോദി പറഞ്ഞു. ആഗോള വെല്ലുവിളികൾക്കിടയിലും ഊർജ്ജം, കൃഷി, വിവരക്കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളർവന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ, ഹരിത ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ സൗദിയുമായി ആഴത്തിലുള്ള ബന്ധം രൂപപ്പെടുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ ശക്തമായ സാന്നിധ്യം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2030 വേൾഡ് എക്സ്പോയ്ക്കും 2034-ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചതിനേയും മോദി അഭിനന്ദിച്ചു. അത്യധികം അഭിമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.