മുംബൈ : ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. 171/9 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി ചേർത്ത് ഓള്‍ ഔട്ടായി. മൂന്നാം ദിനം മൂന്നാം ഓവറില്‍ തന്നെ അജാസ് പട്ടേലിനെ ആകാശ് ദീപിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അജാസിനെ(8) പുറത്താക്കിയതോടെ രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ മത്സരത്തിലാകെ 10 വിക്കറ്റ് നേട്ടം തികച്ചു. 55 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് തികച്ചത്. അശ്വിന്‍ മൂന്നും ആകാശ് ദീപ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവുമെന്ന തിരിച്ചറിവില്‍ എത്രയും വേഗം കിവീസിനെ ഓള്‍ ഔട്ടാക്കുക എന്നതായിരുന്നു മൂന്നാം ദിനം ഇന്ത്യയുടെ ലക്ഷ്യം. മൂന്നാം ഓവറില്‍ അത് നേടിയെങ്കിലും കിവീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാകില്ല. വാംഖഡെയില്‍ നാലാമിന്നിംഗ്സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ വിജലക്ഷ്യം 163 റണ്‍സാണ്. അത് നേടിയത് പക്ഷെ ഇന്ത്യയല്ല ദക്ഷിണാഫ്രിക്കയാണ്.